ചിന്താമൃതം: ലങ്കാ നഗരം കത്തി നശിച്ചപ്പോൾ പിയാനോ വായിച്ച രാജപക്സെ

ചിന്താമൃതം: ലങ്കാ നഗരം കത്തി നശിച്ചപ്പോൾ പിയാനോ വായിച്ച രാജപക്സെ

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയിലെ ജനങ്ങൾ കോളംബോ നഗരത്തിലേക്ക് ഇരച്ചു കയറി നഗരം നിശ്ചലമാക്കി. രാജ്യത്തിന്റെ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയും സ്വകാര്യ വസതിയും പ്രക്ഷോഭകർ കയ്യടക്കി. പ്രസിഡന്റ് കുടുംബാംഗങ്ങളോടൊപ്പം ജീവനും കൊണ്ട് സുരക്ഷിത താവളത്തിലേക്ക് ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ കുറെ നാളുകളായി ശ്രീലങ്കൻ ജനത ദുരിതത്തിലാണ്. അവർക്ക് ഭക്ഷണമില്ല, വാഹനങ്ങൾക്ക് ഇന്ധനമില്ല, പരീക്ഷകൾ നടത്താനുള്ള പേപ്പർ വാങ്ങാൻ പോലും കാശില്ല, രോഗികൾ മരുന്ന് ലഭിക്കാതെ മരിച്ച് വീഴുന്നു. ഏതാനും വർഷങ്ങളായി ഭരണാധികാരികൾ അനുവർത്തിച്ച തെറ്റായ സാമ്പത്തിക നയങ്ങളും കെടുകാര്യസ്ഥതയുമാണ് സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയെ ദുരിതക്കയത്തിലേക്ക് തള്ളി വിട്ടത്.

റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചു രസിച്ച നീറോ ചക്രവർത്തിയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ലങ്ക കത്തുമ്പോൾ തന്റെ ആഡംബര ജീവിതത്തിന് ഒരു കുറവും വരുത്താതെ ജീവിതം ആസ്വദിച്ച രാജ്യത്തിന്റെ തലവനെയോർത്ത് ലങ്കൻ ജനത ഇന്ന് ദുഖിക്കുന്നു. നീണ്ട രണ്ട് പതിറ്റാണ്ടുകളായി ശ്രീലങ്കയുടെ ഭരണത്തിൽ നിർണായക പങ്കു വഹിച്ച മഹേന്ദ്ര രാജപക്‌സെയെക്കുറിച്ചും ഗോതബായ രാജപക്‌സെയെക്കുറിച്ചും ധാരാളം ആരോപണങ്ങളാണ് ഇന്ന് ഉയർന്നു കേൾക്കുന്നത്. അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത ഇതിന്റെയെല്ലാം പര്യായമായി ഇന്ന് ശ്രീലങ്ക കാണുന്നത് രാജപക്സെയെയാണ്.

ലങ്കയിൽ ലക്ഷക്കണക്കിന് ശ്രീലങ്കൻ പ്രക്ഷോഭകർ ജൂലൈ മാസം ആദ്യ ആഴ്ചയിൽ കോളംബോയിലേക്ക് ഒഴുകിയെത്തി. പ്രസിഡന്റിന്റെ കൊട്ടാരം കൈക്കലാക്കിയ അവർ കണ്ട ആഡംബര ലോകത്തെ കാഴ്ചകൾ അവരെ കൂടുതൽ വിറളി പിടിപ്പിച്ചു. നൂറു കണക്കിന് ആഡം ബര കാറുകൾ നിറഞ്ഞ വിശാലമായ ഗാരേജ്. അത്യാധുനിക ജിം, സ്വിമ്മിംഗ് പൂൾ, കോടിക്കണക്കിന് പണം. (സത്യ സന്ധരായ പ്രക്ഷോഭ കാരികൾ കണ്ടെത്തിയ പണം പോലീസിനെ ഏൽപ്പിച്ചു). പട്ടിണി മൂലം ലങ്കൻ ജനത പിടഞ്ഞു വീണപ്പോൾ അന്തപ്പുരങ്ങളിൽ ആർഭാടത്തിന്റെ ജീവിതം നയിച്ച രാഷ്ട്രത്തലവൻ ജീവനും കൊണ്ട് തന്റെ വസതി വിട്ടോടി. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി വച്ചൊഴിഞ്ഞു. പുതിയ സർവ്വ കക്ഷി മന്ത്രിസഭ ഒരു മാസത്തിനുള്ളിൽ അധികാരമേൽക്കുമെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

നേതാക്കന്മാർ ജനങ്ങളുടെ സേവകരാണ്. ജനങ്ങളുടെ ഉന്നമനത്തിനായി രാഷ്ട്രത്തിന്റെ സമ്പത്ത് വിനിയോഗിക്കേണ്ട അവർ ജനങ്ങളെ മറന്ന് സ്വന്തം സമ്പാദ്യം സ്വരുക്കൂട്ടുമ്പോൾ എല്ലാ കാലവും അവർ സുരക്ഷിതരായി സുഖലോലുപതയിൽ ജീവിക്കാം എന്നു കരുതേണ്ട എന്ന സന്ദേശമാണ് ഇന്ന് ലങ്കയിൽ നിന്ന് ലഭിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെ മാത്രം വിഷയമല്ല. പട്ടിണിയും ദാരിദ്ര്യവും അരാജകത്വവും മൂലം ജനങ്ങളെ ശ്വാസം മുട്ടിച്ചാൽ അവർ തെരുവിലിറങ്ങും, അതിജീവനത്തിനായി പൊരുതും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.