സഞ്ജു സാംസണിന് തിരിച്ചടിയാകുന്നത് സ്ഥിരതയില്ലായ്മ; വേണ്ടത് വലിയ ഇന്നിംഗ്‌സുകള്‍

സഞ്ജു സാംസണിന് തിരിച്ചടിയാകുന്നത് സ്ഥിരതയില്ലായ്മ; വേണ്ടത് വലിയ ഇന്നിംഗ്‌സുകള്‍

കൊച്ചി: സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20 യില്‍ തകര്‍ത്തടിച്ചിട്ടും വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് താരത്തെ പരിഗണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്രതിഭ ആവോളമുള്ള മലയാളി താരത്തിന് പലപ്പേഴും തിരിച്ചടിയാകുന്നത് സ്ഥിരതയുള്ള പ്രകടനങ്ങള്‍ നടത്താതിരുക്കുന്നതാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഐപിഎല്ലില്‍ പോലും ആദ്യ ഘട്ട മല്‍സരങ്ങളില്‍ തകര്‍ത്തടിക്കുന്ന സഞ്ജു പിന്നീട് നിറംമങ്ങി പോകുന്നു. പലപ്പോഴും അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് താരം പുറത്താകുന്നതും. ഇന്ത്യ പോലെ ബാറ്റ്‌സ്മാന്‍മാര്‍ക്കു യാതൊരു ക്ഷാമവുമില്ലാത്ത ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സ്ഥിരതയെന്നത് അനിവാര്യമാണ്.

അയര്‍ലന്‍ഡിനെതിരേ തകര്‍ത്തു കളിച്ച ദീപക് ഹൂഡയ്ക്ക് പോലും ഇംഗ്ലണ്ടിനെതിരായ സീരിയസില്‍ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയിരുന്നില്ലെന്ന കാര്യം ഓര്‍മിക്കണം. രണ്ടോ മൂന്നോ മുന്‍നിര ടീമിനെ ഒരേ സമയം കളിപ്പിക്കാന്‍ മാത്രം പ്രതിഭകളുള്ള കളിക്കാര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ആ സമയത്താണ് സഞ്ജുവിനെ പോലൊരു താരത്തെ പുറത്തിരുത്തിയത് മനപൂര്‍വമാണെന്ന തരത്തില്‍ ബോധപൂര്‍വമായ വിമര്‍ശനം ഉയരുന്നത്.

ഇന്ത്യ വിരുദ്ധത മാത്രം പ്രചരിപ്പിക്കുന്ന ഒരു മാധ്യമത്തിന്റെ വെബ് എഡിഷനില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് 'സഞ്ജു ഇന്ത്യ വിടണം' എന്ന രീതിയിലായിരുന്നു. സഞ്ജുവിനോടുള്ള സ്‌നേഹത്തേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ സാധാരണക്കാരിലേക്ക് കടത്തിവിടാനാണ് ഇത്തരം ചില മാധ്യമങ്ങളുടെ നീക്കം.

സഞ്ജുവിന്റെ കരിയറിലേക്ക് നോക്കിയാല്‍ ഒരുകാര്യം വ്യക്തമാണ്. കഴിവുണ്ടായിട്ടും രഞ്ജി ട്രോഫിയില്‍ പോലും പലപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ താരം പരാജയപ്പെടുന്നുവെന്ന് മുന്‍കാല താരങ്ങളും പറയുന്നു. വിരാട് കോഹ്‌ലിയെന്ന ഇതിഹാസ താരം പോലും ടീമിന് പുറത്തായി.

അതിന്റെ അര്‍ത്ഥം വിരാട് വിരുദ്ധതയാണ് സെലക്ടര്‍മാരെ നയിക്കുന്നതെന്നാണോ? അങ്ങനെയാണെങ്കില്‍ കശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്കും സാധാരണക്കാരന്റെ മകനായ രവി ബിഷ്‌ണോയിയൊന്നും ഒരിക്കലും ടീമിലെത്തില്ലായിരുന്നു. സഞ്ജുവിന് ഇനിയും അവസരങ്ങളുണ്ട്.

നോര്‍ത്ത് ഇന്ത്യന്‍ ലോബി കേരള താരങ്ങളെ ഒതുക്കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ എസ്.കെ നായരും ടി.സി മാത്യുവും ജയേഷ് ജോര്‍ജുമെല്ലാം ബിസിസിഐ തലപ്പത്തേക്ക് വന്നതോടെ മലയാളി താരങ്ങള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. നിലവില്‍ ബിസിസിഐ തലപ്പത്തുള്ള ജയേഷ് ജോര്‍ജ് പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വലംകൈയാണ്. അതുകൊണ്ട് തന്നെ ബോധപൂര്‍വമായ അവഗണനകള്‍ ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.