ലാസ് വെഗാസ്: അമേരിക്കയിലെ നോര്‍ത്ത് ലാസ് വെഗാസില്‍ ചെറു വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ലാസ് വെഗാസ് വിമാനത്താവളത്തിന് മുകളിലാണ് അപകടം ഉണ്ടായത്. ഇര വിമാനത്തിലും രണ്ട് പേര്‍ വീതം ഉണ്ടായിരുന്നു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവളത്തിലെ ട്രാഫിക് പാറ്റേണില്‍ സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ പിഎ-46 വിമാനവും സെസ്ന 172 വിമാനവുമാണ് കൂട്ടിയിടിച്ചത്. പൈപ്പര്‍ പിഎ-46 വിമാനം ലാന്റ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു. റണ്‍വേ 30ന് വലത് ഭാഗത്തുള്ള വയലിലാണ് പൈപ്പര്‍ തകര്‍ന്നത്, സെസ്‌ന വെള്ളം ശേഖരിക്കാനുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു.
അപകടം സംബന്ധിച്ച് അന്വേഷിച്ചു വരികെയാണെന്ന് എഫ്എഎ അറിയിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അപകടത്തിന്റെ കാരണം അന്വേഷിക്കും. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.