കൊച്ചി: മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്ത ആരാധകരോട് പങ്കുവെച്ച് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'നക്ഷത്ര ധൂളികൾ’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്യുന്ന വിവരം അദ്ദേഹം അറിയിച്ചത്.
"അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോനുന്നു കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്" മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്തയിൽ മോഹൻലാൽ കുറിച്ചു.
'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ നക്ഷത്ര ധൂളികളുടെ പ്രകാശനം ഓഗസ്റ്റ് 19 നാണ്. തൃശ്ശൂരിലെ മാതൃഭൂമി ബുക്സ്റ്റാളിൽ സംവിധായകരായ സത്യൻ അന്തിക്കാടും, പ്രിയദർശനും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യുക. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും ചടങ്ങിൽ പങ്കെടുക്കും. കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തിയ പുസ്തകം മാതൃഭൂമി ബുക്ക്സാണ് പുറത്തിറക്കുന്നത്.