പിഞ്ചുകുഞ്ഞിന്റെ ഡയപ്പറും നാപ്കിനും മറയാക്കി സ്വര്‍ണക്കടത്ത്: ഭര്‍ത്താവും കുഞ്ഞുങ്ങളും കരിപ്പൂരിലും ഭാര്യ നെടുമ്പാശേരിയിലും പിടിയില്‍

പിഞ്ചുകുഞ്ഞിന്റെ ഡയപ്പറും നാപ്കിനും മറയാക്കി സ്വര്‍ണക്കടത്ത്: ഭര്‍ത്താവും കുഞ്ഞുങ്ങളും കരിപ്പൂരിലും ഭാര്യ നെടുമ്പാശേരിയിലും പിടിയില്‍

കോഴിക്കോട്: കുഞ്ഞുങ്ങളെ മുന്നില്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതിമാര്‍ രണ്ട് വിമാനത്താവളങ്ങളിലായി അറസ്റ്റില്‍. എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി.

സംഭവത്തില്‍ മലപ്പുറം പൊന്നാനി സ്വദേശിയെയും മൂന്ന് മക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ മൂന്ന് മക്കളോടൊപ്പം കരിപ്പൂരിലിറങ്ങിയത്. മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് നിന്നെത്തിയ ഡിആര്‍ഐ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് കള്ളക്കടത്ത് പുറത്തുകൊണ്ടുവന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ നിന്ന് അരക്കോടിയോളം രൂപ മൂല്യമുള്ള അരക്കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബാക്കി സ്വര്‍ണം പിതാവിന്റെ ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

കേസിന് ആസ്പദമായ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളുടെ ഭാര്യ നെടുമ്പാശേരി വിമാനത്താവളത്തില്‍ സമാന രീതിയില്‍ സ്വര്‍ണക്കടത്തിന് പിടിയിലാകുന്നത്. കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശേരിയിലെത്തിയ ഇവര്‍ നാപ്കിനില്‍ ഒളിപ്പിച്ച നിലയില്‍ 1.78 കിലോ സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്. പിഞ്ചുകുഞ്ഞുങ്ങളെ മുന്‍നിര്‍ത്തി പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലാണ് കടത്തുകാര്‍ ഇത്തരം വഴികള്‍ തേടുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

സംഭവത്തില്‍ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്കിനെക്കുറിച്ച് ഡിആര്‍ഐ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.