പാലക്കാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്. യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാലാണ് പരിശോധനയില്‍ പിടികൂടിയത്. ടാങ്കര്‍ ലോറി തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചു.
പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് സംഭവം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പാലുമായി വന്ന ടാങ്കര്‍ ലോറിയിലാണ് രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിലാണ് യൂറിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം സാംപിളെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചു.
ക്ഷീരവികസന വകുപ്പാണ് ടാങ്കര്‍ ലോറി തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചത്. ഓണം ഉള്‍പ്പെടെ ഉല്‍സവാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഇത്രയുമധികം മായം ചേര്‍ന്ന പാല്‍ പിടിച്ചെടുത്തത്. വരുംദിവസങ്ങളില്‍ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിന് ആവശ്യമായ പാല്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മില്‍മ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കേരളത്തിന് പുറത്തു നിന്ന് പാലെത്തിച്ചാണ് ആവശ്യം നിറവേറ്റുന്നത്.