തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയിട്ട് ഇന്ന് അഞ്ച് ദിവസം. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നെങ്കിലും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ഇന്നും കൂടുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സമരവേദിയിലേക്ക് എത്തും.
മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധരാണെന്ന് ലത്തീന്‍ സഭ അറിയിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറലും സമരസമിതി കണ്‍വീനറുമായ ഫാദര്‍ യൂജിന്‍ പെരേരയുമായിട്ടാണ് മന്ത്രി ഫോണില്‍ സംസാരിച്ചത്. ചര്‍ച്ചയെ ലത്തീന്‍ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് ആവശ്യം.
പകല്‍ പ്രതിഷേധവും രാത്രി പ്രാര്‍ഥനയുമായി സമരവേദിയില്‍ തുടരുകയാണ് മത്സ്യത്തൊഴിലാളികള്‍. ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, മണ്ണെണ്ണ വില സംബന്ധിച്ച കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുക. ഈ രണ്ട് ആവശ്യങ്ങളാണ് ഇനി സര്‍ക്കാര്‍ അംഗീകരിക്കാനുള്ളത്.