കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം.
അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരിവസ്തു തുടര്‍ പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറുമ്പോഴാണ് ബാഗേജ് പരിശോധന നടത്തിയത്.
സിയാലിന്റെ അത്യാധുനിക 'ത്രിഡിഎംആര്‍ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.