കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പരിഗണിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജിയാണ് നാളെ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ ഇടപഗത്ത് പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ചിലേക്ക് ഹര്‍ജി വിട്ടത്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹര്‍ജി. കഴിഞ്ഞ ദിവസമാണ് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചയുടന്‍ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിക്കുകയായിരുന്നു.
രണ്ടാം തവണയാണ് അതിജീവിതയുടെ ഹര്‍ജികളില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം സെഷന്‍സ് ജഡ്ജിയായിരിക്കെ കൗസര്‍ എടപ്പഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു.