മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി; സീറ്റുകള്‍ ഇരട്ടിയാക്കി യുഡിഎഫ് മുന്നേറ്റം

മട്ടന്നൂര്‍ നഗരസഭ  എല്‍ഡിഎഫ് നിലനിര്‍ത്തി; സീറ്റുകള്‍ ഇരട്ടിയാക്കി യുഡിഎഫ് മുന്നേറ്റം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. ഇടതു മുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതു മുന്നണിയും പിടിച്ചെടുത്തിട്ടുണ്ട്. ബിജെപി മുന്നണിയായ എന്‍ഡിഎയ്ക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. നഗരസഭയിലെ ആകെയുള്ള 35 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് 28 ഉം യുഡിഎഫ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്.

നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.

1997 ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.