തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി മാറ്റിയെന്ന പരാതിയുമായി പ്രതിപക്ഷം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം ഒഴിവാക്കി എന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.പി.അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. ചോദ്യങ്ങൾ മാറ്റിയത് മുഖ്യമന്ത്രി മറുപടി പറയുന്നത് ഒഴിവാക്കാൻ വേണ്ടിയാണെന്ന് യുഡിഎഫ് ആരോപിച്ചു.
സ്വർണക്കടത്ത്, എകെജി സെന്റർ ആക്രമണം, ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്. ഇതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അതേസമയം ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരിഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്.