വി.സി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഇന്ന് സഭയില്‍; ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

വി.സി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഇന്ന് സഭയില്‍; ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. നിയമനങ്ങളില്‍ സര്‍ക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടു വരുന്നത്.

വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സേര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ചായി വര്‍ധിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. പുതിയതായി എത്തുന്ന രണ്ട് അംഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ നോമിനികള്‍ ആയിരിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സമിതിയുടെ കണ്‍വീനറാകും.

നിലവില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്നംഗങ്ങളാണുള്ളത്. ഗവര്‍ണറുടെ പ്രതിനിധിക്കും യുജിസി പ്രതിനിധിക്കും പുറമേ സര്‍വകലാശാല പ്രതിനിധിയുമാണ് അംഗങ്ങള്‍. സമിതിയിലെ മൂന്നില്‍ രണ്ടു പേരും കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യമുള്ളവരായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുള്ളവരെ വൈസ് ചാന്‍സിലര്‍മാര്‍ ആക്കാനാവില്ല. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ സാധ്യത ഗവര്‍ണര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്.

ഭൂരിപക്ഷം അംഗങ്ങളും നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാണ് വി.സിയെ ഗവര്‍ണര്‍ നിശ്ചയിക്കേണ്ടത്. അതായത് ഗവര്‍ണര്‍ ഇടഞ്ഞാലും സര്‍ക്കാരിന് താല്‍പര്യമുള്ളവരെ വൈസ് ചാന്‍സിലര്‍ ആക്കാനാവും. വൈസ് ചാന്‍സിലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്നും 65 ആക്കുന്നതാണ് ബില്ലിലെ മറ്റൊരു ഭേദഗതി. നിയമസഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടില്ലെന്ന മുന്നറിയിപ്പാണ് ഗവര്‍ണര്‍ നല്‍കുന്നത്. ഇതോടെ ബില്ലിന് അംഗീകാരം ലഭിക്കുന്നത് വൈകുമെന്ന് ഏതാണ്ട് ഉറപ്പായി.

ഇതിനിടെ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. ബില്‍ സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമമാകില്ല. തമിഴ്നാട്ടില്‍ സമാനമായ ബില്ലില്‍ ആറു മാസമായി ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. അതുകൊണ്ട് സര്‍ക്കാര്‍ ഗവര്‍ണറുമായി അനുരഞ്ജന സാധ്യതയും തേടും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലും ഇന്ന് അവതരിപ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.