ഇ.പി ജയരാജനെ ട്രെയിനില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: കെ.സുധാകരന്റെ ഹര്‍ജിയില്‍ അന്തിമവാദം ഇന്ന്

ഇ.പി ജയരാജനെ ട്രെയിനില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: കെ.സുധാകരന്റെ ഹര്‍ജിയില്‍ അന്തിമവാദം ഇന്ന്

തിരുവനന്തപുരം: ഇ.പി ജയരാജനെ ട്രെയിനില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെ. സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. തന്നെ കുറ്റവിമുക്തന്‍ ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. തിരുവനന്തപുരം സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് കെ. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ വിചാരണ നടപടി 2016 ല്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും തുടര്‍ വാദമുണ്ടായിരുന്നില്ല. വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നില്‍ക്കുന്ന കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇന്ന് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത്.

1995 ഏപ്രില്‍ 12 ന് രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഒംഗോളില്‍ വച്ച് ജയരാജനെ ഗുണ്ടാസംഘം വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവമാണ് കേസിനാധാരം. സംഭവത്തില്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് വിചാരണ നടപടികള്‍ വൈകുന്നതിനു കാരണമാകുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.