തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിജീവനത്തിനായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സഹനസമരം തുടരും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ലത്തീന്‍ അതിരൂപത നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണിത്. തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികളും ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് പത്താം ദിവസവും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറി. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്.
അതിനിടെ തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ വെള്ളിയാഴ്ച്ച പരിഗണിക്കും. തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.