കൊല്ലം: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സംഘത്തെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും എഎസ്ഐയുടെ തല അടിച്ചുപൊട്ടിച്ചു. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
കൊറ്റങ്കര ഇന്ദീവരത്തിൽ സൈനികനായ വിഷ്ണു (30) സഹോദരൻ വിഘ്‌നേഷ് (25) എന്നിവരാണ് സ്റ്റേഷനിൽ ആക്രമണം നടത്തിയത്. എഎസ്ഐ പ്രകാശ് ചന്ദ്രനാണ് അക്രമത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേവറത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിക്കോടുള്ള ലോഡ്‌ജിൽനിന്നു എം.ഡി.എം.എയുമായി ദമ്പതിമാരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾക്കിടയിലായിരുന്നു ആക്രമണം. സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും പ്രതികളെ ജാമ്യത്തിൽ വിടണമെന്ന് റൈറ്റർ ഡ്യൂട്ടിയിലായിരുന്ന പ്രകാശ് ചന്ദ്രനോട് ആവശ്യപ്പെട്ടു.
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പോകുകയാണെന്നറിയിച്ചതോടെ പ്രകോപിതനായ വിഷ്ണു കൈയിലെ വളകൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്.