കൊച്ചി: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു. പ്രതി പാലക്കാട് സ്വദേശി സുരേഷിനെ പനങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങരപ്പള്ളി വടശേരിത്തൊടി വീട്ടിൽ അജയ് കുമാർ ബാലസുബ്രഹ്മണ്യമാണ് (25) കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം അജയ് വന്നത് തന്റെ ഭാര്യയെ സ്വകാര്യമായി കാണാനാണെന്ന് കരുതിയ സുരേഷ് അജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തി. ഭാര്യ അമ്പിളിയോട് കാറിൽ ഇരിക്കാൻ പറഞ്ഞ ശേഷമാണ് സുരേഷ് ലോഡ്ജിൽ എത്തിയത്.
ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിനിടെ കയ്യിൽ കരുതിയ വീൽസ്പാനർ കൊണ്ട് സുരേഷ് അജയകുമാറിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ടോടാന്‍ ശ്രമിച്ചപ്പോൾ പിന്നാലെ എത്തി റോഡിൽ വച്ച് അടിച്ചു കൊല്ലുകയായിരുന്നു. ഇതിനിടെ ലോഡ്ജ് ജീവനക്കാർ ഓടിയെത്തിയെങ്കിലും സുരേഷ് ഭീഷണിപ്പെടുത്തി അകറ്റി. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിതീകരിച്ചത്. പാലക്കാട്ടെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അജയകുമാറും അമ്പിളിയും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. മൂന്നു മാസം മുമ്പ് എറണാകുളത്ത് ജോലി കിട്ടിയ യുവതി കുണ്ടന്നൂരിൽ പേയിംഗ് ഗസ്റ്റായി കഴിയുകയായിരുന്നു.
യുവതിയെ കാണാൻ നെട്ടൂരിലെത്തിയ അജയ് ഇവിടെ റൂമെടുത്തു. ഭർത്താവിനെ കാണാൻ എന്ന് പറഞ്ഞ് ഇറങ്ങിയ യുവതി അജയ കുമാറിനെ കാണാൻ എത്തുകയായിരുന്നു. ഇതിനിടെ സഹപ്രവർത്തക സുരേഷിനെ വിളിക്കുകയും വിവരം പറയുകയുമായിരുന്നു. ഇയാൾ ഭാര്യയെ വിളിച്ചപ്പോൾ താൻ കൂട്ടുകാരിയുടെ വീട്ടിലാണെന്നാണ് പറഞ്ഞത്. ഇതാണ് കൊലപാതകത്തിന് കാരണമായത്.