കനത്ത മഴയില്‍ റെയില്‍വേ സിഗ്‌നലുകള്‍ തകരാറിലായി: ചില ട്രെയിനുകള്‍ റദ്ദാക്കി; മറ്റുള്ളവ വൈകിയോടുന്നു

കനത്ത മഴയില്‍ റെയില്‍വേ സിഗ്‌നലുകള്‍ തകരാറിലായി: ചില ട്രെയിനുകള്‍ റദ്ദാക്കി; മറ്റുള്ളവ വൈകിയോടുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ വെള്ളം കയറിയതോടെ റെയില്‍വേ സിഗ്‌നലുകള്‍ തകരാറിലായി. ഇതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ സഹിതം പിടിച്ചിട്ടു. ചില ട്രെയിനുകള്‍ റദ്ദാക്കി. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചു വിട്ടു.

കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടിവ് ഇടപ്പള്ളിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. നാഗര്‍കോവില്‍ - മംഗളൂരു പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു. കൊല്ലം - എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സര്‍വീസ് നടത്തിയുള്ളൂ. നിസാമുദ്ദിന്‍ - എറണാകുളം മംഗള എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു.

എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്‌നല്‍ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന, സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഇന്ന് കോട്ടയം വഴി സര്‍വീസ് നടത്തും.

അതേസമയം സിഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ് സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി രംഗത്തെത്തി. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെ കൂടുതല്‍ സര്‍വ്വീസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തി, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് സര്‍വീസ് നടത്തും.

കൂടാതെ നിലവില്‍ സര്‍വീസ് നടത്തി വരുന്ന തിരുവനന്തപുരം - കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം ബൈപ്പാസ് റൈഡറുകള്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ എത്രയും വേഗം യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.