കൊച്ചി: ശമ്പള വിതരണത്തിന് കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ പണം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 103 കോടി കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനാണ് പണം നല്‍കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിന്റേതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. മറ്റ് കോര്‍പ്പറേഷനുകള്‍ പോലെ രൂപീകരിച്ച ഒന്ന് മാത്രമാണ് കെ.എസ്.ആര്‍.ടി.സി. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ടതിന് പിന്നാലെയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.