കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ ദേശീയപാതയിലെ കലയനാട് ജംങ്ഷനില്‍ ഇന്നു രാവിലെ ഒന്‍പതോടെയാണ് അപകടം നടന്നത്. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂളിലെ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍, ഭര്‍ത്താവ് ലാലന്‍ എന്നിവരാണ് മരിച്ചത്.
ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ട് പോകുകയായിരുന്നു ഭര്‍ത്താവ് ലാലന്‍. ഇതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയും ഇരുവരും ലോറിക്കടിയില്‍ പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.
മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം അറിവായിട്ടില്ല. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.