'കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നല്‍കും. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം'.
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. കലൂരില്‍ നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷല്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കെ റെയിലിന്റെ പേര് എടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായാഭ്യര്‍ഥന. കേരളത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രിയുടെ ആവശ്യം.
സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാല താമസമില്ലാതെ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കും. കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു.
പിന്നീട് വെല്ലിങ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലേക്ക് പുറപ്പെട്ട അദ്ദേഹം നാളെ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും. നാളത്തെ ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം പ്രധാനമന്ത്രി മാംഗളൂരിലേക്ക് തിരിക്കും.