സംസ്ഥാനത്ത് ഇന്നും മഴ കനക്കും: മലപ്പുറത്ത് മലയിടിച്ചില്‍; ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി

 സംസ്ഥാനത്ത് ഇന്നും മഴ കനക്കും: മലപ്പുറത്ത് മലയിടിച്ചില്‍; ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അതേസമയം മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്. ഉരുള്‍ പൊട്ടല്‍ ജനവാസ മേഖലയില്‍ അല്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി.

ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്.

തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ മഴ ശക്തമാകുന്നതിന്റെ കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.