ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നല്‍ മുരളി ലോകമെമ്പാടുള്ള സിനിമാസ്വാദകരിൽ നിന്ന് ഏറെ കയ്യടി നേടിയ ഒരു ചിത്രമായിരുന്നു. ഒരു സൂപ്പർ ഹീറോയുടെ കഥ പറയുന്ന ചിത്രം അതിന്റെ വ്യത്യസ്തമായ കഥാമികവുകൊണ്ടും അവതരണ മികവുകൊണ്ടും മറ്റു സൂപ്പർഹീറോ സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം നായകന്റെയും പ്രതി നായകന്റെയും ജീവിതം ഒരുപോലെ വരച്ചു കാണിക്കുന്നു. നെറ്റ്ഫ്ലെക്സിൽ ട്രെന്‍ഡിങായിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി മലയാളികൾക്ക് പുറമെ അന്യഭാഷ ആരാധകരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നൽകി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എന്നാൽ ഉടൻ ഉണ്ടാകില്ല. ചിത്രം ഇറക്കുന്നുണ്ടെങ്കില്‍ തീയറ്ററില്‍ തന്നെ ആകും റിലീസ് എന്നും ബേസില്‍.
ആദ്യഭാഗം തീയറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. അതിനാൽ രണ്ടാം ഭാഗം തീയറ്ററില്‍ തന്നെ ഇറക്കാനാണ് ആഗ്രഹമെന്നും ബേസില്‍ പറയുന്നു. തന്റെ പുതിയ സിനിമയായ പാല്‍തു ജാന്‍വറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.