പുലര്‍ച്ചെ മുതല്‍ റെയ്ഡ്; തിരുവനന്തപുരത്ത് 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

പുലര്‍ച്ചെ മുതല്‍ റെയ്ഡ്; തിരുവനന്തപുരത്ത് 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. അറസ്റ്റലായവരില്‍ 13 പേര്‍ അപകടകാരികളാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

തിരുവനന്തപുരത്ത് സമീപകാലത്ത് ഇത്രയധികം കുറ്റവാളികള്‍ ഒരുമിച്ച് പൊലീസ് പിടിയിലാകുന്നത് ഇതാദ്യമാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡിലാണ് തിരുവനന്തപുരം റൂറല്‍ പൊലീസ് ഇത്രയധികം പിടികിട്ടാപ്പുള്ളികളെ പിടികൂടിയത്. ഇതില്‍ 94 പേര്‍ വിവിധ കോടതികളില്‍ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങി നടന്നവരാണ്. 13 പേര്‍ ഗുണ്ടാ കേസുകളിലടക്കം ഉള്‍പ്പെട്ട് ഒളിവില്‍ പോയവരാണ്.

വിവിധ കേസുകളില്‍ നിരവധി തവണ വാറന്റ് അയച്ചിട്ടും പലരും ഹാജരാകുന്നില്ലെന്ന് പൊലീസിന് നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെ ഒളിവില്‍ പോയവരെ കണ്ടെത്താല്‍ റെയ്ഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് റൂറല്‍ എസ്പി ഡി.ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. അഞ്ച് ഡിവൈഎസ്പിമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കാട്ടാക്കട അടക്കമുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

ജില്ല വിട്ടിരുന്ന പ്രതികളില്‍ പലരും ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിസങ്ങളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.