തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ് ഇന്ന് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പകൽ 11ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം.
സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷമേ രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകു. സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും എംബി രാജേഷിന് പകരം ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കുകയുമായിരുന്നു. ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്റ്റംബർ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എംബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള കക്ഷി നേതാക്കളും ചടങ്ങിനെത്തും.