തിരുവനന്തപുരം: സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ്. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി ക്യാമ്പയിൻ ആരംഭിക്കുന്നത്.
ആശങ്ക അകറ്റാൻ പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂൾ കുട്ടികൾക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കാൻ പാടില്ല. ഇത്തരം കേസുകളിൽ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും വലിയ പ്രധാന്യമുണ്ട്. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകണം. തുടർന്ന് എത്രയും വേഗം വാക്‌സിനെടുക്കണം.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലുമാണ് വാക്‌സിന്‍ എടുക്കേണ്ടത്. ഇതിന് ശേഷവും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.