കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി മുന്‍പ് ഉക്രെയ്ന്‍ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
വത്തിക്കാന്‍ സിറ്റി: ആറു മാസത്തിലേറെയായി തുടരുന്ന റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന ഉക്രെയ്‌നിലേക്ക് ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി നാലാമതും സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച പ്രസ്താവന വത്തിക്കാന്‍ പുറത്തിറക്കിയത്.
യുദ്ധക്കെടുതിയുടെ ഇരകളോടും അഭയാര്‍ത്ഥികളോടുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചുപ്രഖ്യാപിച്ചാണ് ഡിക്കാസ്റ്ററി ഓഫ് ചാരിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി നാലാം തവണയും ഉക്രൈനിലേക്ക് പോകുന്നത്.
തന്റെ നാലാമത്തെ യാത്രയില്‍ കര്‍ദ്ദിനാള്‍ ക്രാജെവ്‌സ്‌കി ഒഡേസ, സൈറ്റോമിര്‍, ഖാര്‍കിവ്, കിഴക്കന്‍ ഉക്രൈനിലെ ചില സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. യുദ്ധത്തിന്റെ ഭീഷണികള്‍ക്കിടയിലും അവിടെ തുടരുന്ന വിശ്വാസികളെയും ബിഷപ്പുമാരെയും വൈദികരെയും സമര്‍പ്പിതരെയും വിവിധ സമൂഹങ്ങളെയും കര്‍ദ്ദിനാള്‍ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യും. സ്വന്തം ജീവന്‍ പോലും അവഗണിച്ച് 200 ദിവസത്തിലധികമായി ഇവര്‍ തങ്ങളുടെ ശുശ്രൂഷാമേഖലകളില്‍ തന്നെ തുടരുകയാണ്.
'ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമിരിക്കാനും ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചും ആശ്വസിപ്പിച്ചും ദുരിതം നിറഞ്ഞ ഈ സാഹചര്യത്തില്‍ തങ്ങള്‍ തനിച്ചല്ലെന്ന് അവരെ ബോധ്യപ്പെടുത്താനുമുള്ള കര്‍ദിനാളിന്റെ നിശബ്ദമായ സുവിശേഷപ്രഘോഷണമാണ് ഈ യാത്രയെന്ന് പ്രസ്താവനയില്‍ പറയുന്നു.