പ്രൊഫഷനല്‍ ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ വൈകിയാല്‍ പിഴ; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍

പ്രൊഫഷനല്‍ ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ വൈകിയാല്‍ പിഴ; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍

മസ്‌കറ്റ്: തൊഴിലാളികള്‍ പ്രൊഫഷനല്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രാക്ടീസ് ലൈസന്‍സും നേടുന്നതിന് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. റസിഡന്റ്‌സ് കാര്‍ഡിന്റെയും തൊഴില്‍ കരാറിന്റെയും കാലാവധി അവസാനിക്കുന്നതിന് മുന്‍പ് അപേക്ഷകള്‍ നല്‍കണം. അല്ലെങ്കില്‍ തുടര്‍ നടപടികളില്‍ തടസം നേരിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒമാനിലെ 40 തസ്തികകളില്‍ യോഗ്യതയുള്ള ആളുകളെ മാത്രം തൊഴിലിനായി നിയമിക്കുന്നതിന്റെ ഭാഗമായി പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഓരോ വിഭാഗത്തിലെയും ജീവനക്കാര്‍ ഇതിനായി ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണം. എന്നാല്‍ പ്രവാസികള്‍ റസിഡന്റ്‌സ് കാര്‍ഡിന്റെയും ഒമാന്‍ സ്വദേശികള്‍ തൊഴില്‍ കരാറിന്റെയും കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമാണ് അപേക്ഷ നല്‍കുന്നത്.

ഇക്കാരണത്താല്‍ നടപടിക്രമങ്ങള്‍ നീണ്ടു പോകുകയും ലൈസന്‍സ് ഉടന്‍ നല്‍കാന്‍ കഴിയാതെ വരുകയും ചെയ്യും. ലൈസന്‍സ് ഇല്ലാതെ പെര്‍മിറ്റുകളും കരാറുകളും നീട്ടി നല്‍കാന്‍ കഴിയില്ല. അത് പ്രവാസികള്‍ക്കും ഒമാന്‍ സ്വദേശികള്‍ക്കും വലിയ തിരിച്ചടി ആയി മാറും. ഭരണപരമായ കാലതാമസങ്ങളും സാമ്പത്തിക പിഴകള്‍ ഒഴിവാക്കാനും കാര്യക്ഷമമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നത്തിനും വേണ്ടി ജീവനക്കാര്‍ രണ്ട് മാസം മുന്‍പെങ്കിലും ലൈസന്‍സിന് അപേക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം, ധാതുക്കള്‍ എന്നി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സും എന്‍ജിനിയറിങ്, അക്കൗണ്ടിങ്, ധനകാര്യം, നിയമ മേഖലകള്‍ക്കും പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് തൊഴിലാളികള്‍ നേടേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.