ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് മണിപ്പൂരില്‍ സംഘര്‍ഷം. ചുരാചന്ദ്പൂരിലാണ് സംഭവം. മോഡിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
2023 മെയില്‍ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോഡി പങ്കെടുക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. മോഡിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തു. ദ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മോഡി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.
മണിപ്പൂരില്‍ ദേശീയപാത രണ്ട് തുറക്കാന്‍ തീരുമാനമായി. ഇതില്‍ സര്‍ക്കാരും കുക്കി സംഘടനകളും തമ്മില്‍ ധാരണയായി. ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനമായി. പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.