ഇടക്കാല പ്രധാനമന്ത്രിയെ ചൊല്ലി ജെന്‍ സിയില്‍ തമ്മിലടി; നേപ്പാളില്‍ നേതാവിനെച്ചൊല്ലി തെരുവില്‍ പോരാട്ടം

ഇടക്കാല പ്രധാനമന്ത്രിയെ ചൊല്ലി ജെന്‍ സിയില്‍ തമ്മിലടി; നേപ്പാളില്‍ നേതാവിനെച്ചൊല്ലി തെരുവില്‍ പോരാട്ടം

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭകര്‍ക്കിടയില്‍ ഇടക്കാല പ്രധാനമന്ത്രിയെ ചൊല്ലി അഭിപ്രായ വ്യത്യാസം. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതുവരെ രാജ്യത്തിനെ നയിക്കാനായി ഇടക്കാല പ്രധാനമന്ത്രിയായി ഒരാളെ ഉയര്‍ത്തി കാണിക്കുന്നതിലെ അഭിപ്രായ വ്യത്യാസം തെരുവില്‍ പരസ്പരം തല്ലുന്നതിലേക്ക് വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ നയിക്കാന്‍ ഇടക്കാല നേതാവിനെ കണ്ടെത്താനായി ജെന്‍ സി പ്രക്ഷോഭകരെ പ്രതിനിധീകരിക്കുന്നവരും നിലവിലെ കാവല്‍ രാഷ്ട്രപതി രാമചന്ദ്ര പൗഡല്‍, സൈനിക മേധാവി അശോക് രാജ് സിഗ്ദെല്‍ എന്നിവര്‍ സൈനികാസ്ഥാനത്ത് ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ നേതാക്കള്‍ക്ക് പകരം പുതുമുഖത്തെ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. നേരത്തെ ഇടക്കാല പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷായുടെ പേര് ഉയര്‍ന്ന് കെട്ടിരുന്നു. തൊട്ടടുത്ത ദിവസം നേപ്പാള്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ പേര് ഉയര്‍ന്ന് വന്നു. ഇപ്പോള്‍ മറ്റൊരാളുടെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്. നേപ്പാളിലെ ഇലക്ട്രിസിറ്റ് അതോറിറ്റി മുന്‍ മേധാവി കുല്‍മന്‍ ഘിസിങിന്റെ പേര്.

ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന ജെന്‍ സി പ്രക്ഷോഭകരുടെ നിര്‍ദേശം ബലേന്ദ്ര ഷാ നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് സുശീല കര്‍ക്കിയിലേക്ക് ചര്‍ച്ചകളെത്തിയത്. എന്നാല്‍ ഇതുവരെ തന്നോട് ഇക്കാര്യം ഉന്നയിച്ചില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയിലാണ് കുല്‍മന്‍ ഘിസിങിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്.

70 വയസായ സുശില കര്‍ക്കിയെ എതിര്‍ക്കുന്നത് അവരുടെ പ്രായം ചൂണ്ടിക്കാട്ടിയാണ്. കുല്‍മന്‍ ഘിസിങിനാകട്ടെ 54 ആണ് പ്രായം. രാജ്യത്ത് തുടര്‍ച്ചയായിരുന്ന മണിക്കൂറുകള്‍ നീളുന്ന പവര്‍ക്കട്ടിന് അറുതി വരുത്തിയതിലൂടെ ശ്രദ്ധേയനാണ് ഘിസിങ്. ഇദേഹത്തിന് പുറമെ ധരന്‍ നഗരസഭാ മേയര്‍ ഹര്‍ക് സംപങിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഇങ്ങനെ ഇടക്കാല നേതാവിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സൈനികാ സ്ഥാനത്ത് നടക്കുമ്പോള്‍ ഇതേ വിഷയത്തിലെ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്ത് ജെന്‍ സി പ്രക്ഷോഭകര്‍ തമ്മിലടിക്കുകയായിരുന്നു. സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവരും കുല്‍മന്‍ ഘിസിങിനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.