ബീജിങ്: വിവിധ മേഖലകളിലെ മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കെ-വിസ എന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ചൈന. ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ അമേരിക്ക കുടിയേറ്റത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ക്കായി തങ്ങളുടെ വാതിലുകള്‍ തുറന്നിടുകയാണ് ചൈന.
പരമ്പരാഗതമായി കുടിയേറ്റത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കാത്ത രാജ്യമാണ് ചൈന. ഈ സാഹചര്യത്തിലാണ് പുതിയ നയംമാറ്റം ശ്രദ്ധേയമാകുന്നത്. വരുന്ന ഒക്ടോബറില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (സ്റ്റെം) എന്നീ മേഖലകളിലെ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ഒരു പുതിയ വിസ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. കെ-വിസ എന്നറിയപ്പെടുന്ന ഇതിന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ചൈനയില്‍ ഇതിനകം ഒരു ഡസനോളം വ്യത്യസ്ത തരം വിസകളുണ്ട്. ജോലിക്ക് വേണ്ടിയുള്ള ഇസഡ് വിസ (Z Visa), പഠനത്തിനായുള്ള എക്സ് വിസ (X Visa), ബിസിനസ്സിനായുള്ള എം വിസ (M Visa), ടൂറിസത്തിനായുള്ള എല്‍ വിസ (LVisa), ഉയര്‍ന്ന തലത്തിലുള്ള പ്രതിഭകള്‍ക്കായുള്ള ആര്‍ വിസ (R Visa) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 'യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകള്‍ക്ക്' ഒക്ടോബര്‍ ഒന്ന് മുതല്‍ കെ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് ബീജിങ് അറിയിച്ചിട്ടുണ്ട്. അന്നേ ദിവസം പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ വിദേശ പ്രവേശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം.