വിഴിഞ്ഞം തുറമുഖ സമരം: പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍; കാനവുമായി ലത്തീന്‍ അതിരൂപത നേതൃത്വം കൂടിക്കാഴ്ച നടത്തി

 വിഴിഞ്ഞം തുറമുഖ സമരം: പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍; കാനവുമായി ലത്തീന്‍ അതിരൂപത നേതൃത്വം കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതാ നേതൃത്വം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ളവര്‍ സിപിഐ ആസ്ഥാനത്തെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനം ഉണ്ടാകുന്നില്ലെന്ന് ഫാദര്‍ യൂജീന്‍ പെരേര പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ല. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കാനം പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും ഫാദര്‍ യൂജീന്‍ പെരേര പ്രതികരിച്ചു.

അതേസമയം തുറമുഖ നിര്‍മ്മാണ നിര്‍ത്തിവച്ചുള്ള പഠനം ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. സമരസമിതി സര്‍ക്കാരിന് മുമ്പില്‍ വെച്ച ഏഴ് ആവശ്യങ്ങളിലും ഉറച്ചു നില്‍ക്കുന്നുവെന്നാണ് ലത്തീന്‍ അതിരൂപത വ്യക്തമാക്കിയിട്ടുളളത്. മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നല്‍കണമെന്നും അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പ്രദേശത്തേക്ക് കടക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

വിഴിഞ്ഞം ഉള്‍പ്പടെയുള്ള കടല്‍ത്തീരത്തേയും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. കൊച്ചി, ആലപ്പുഴ രൂപതകള്‍, ചെല്ലാനം മുതല്‍ ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.