സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യ രത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിന്

സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യ രത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യ രത്‌നം അവാര്‍ഡ്. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ സംഭാവനകള്‍ നല്‍കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സീറോ മലബാര്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരടങ്ങിയ നിര്‍ണയ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തു സൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ച ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിലും അമുല്യമായ സംഭാവനകള്‍ നല്‍കാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ ജോസഫ് പവ്വത്തിലിന് അവാര്‍ഡ് സമ്മാനിക്കും.

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് മാത്തിക്കണ്ടത്തില്‍, മാര്‍ തോമസ് തറയില്‍, നിയുക്ത മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.