തൃശൂർ: വാടാനപ്പള്ളി കടൽത്തീരത്ത് മത്സ്യ ചാകര. പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ഏഴുമണിയോടെയാണ് കരയിലേക്ക് വൻതോതിൽ മത്സ്യങ്ങൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്.
രാവിലെ കടപ്പുറത്തെത്തിയവരാണ് തിരമാലയോടൊപ്പം മത്സ്യങ്ങൾ തീരത്തേക്ക് അടിച്ചു കയറുന്നത് കണ്ടത്. പിന്നീട് കൂടുതൽ ആളുകൾ വിവരം അറിഞ്ഞ് മത്സ്യം ശേഖരിയ്ക്കാനായി കടപ്പുറത്ത് തടിച്ചുകൂടി. കടപ്പുറത്ത് അടിഞ്ഞ മത്സ്യങ്ങൾ ഇപ്പോഴും ആളുകൾ ശേഖരിക്കുകയാണ്.
കടപ്പുറത്ത് അടിഞ്ഞതിൽ കൂടുതലും ചാള മത്സ്യമാണ്. അടുത്തകാലത്തൊന്നും ഇത്തരമൊരു പ്രതിഭാസം നടന്നിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. സൗജന്യമായി വിഷം കലരാത്ത മത്സ്യം കഴിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആളുകൾ.