രാഹുലിന്റെ യാത്രയില്‍ പോക്കറ്റടിക്കാര്‍ കടന്നു കൂടി; പരാതിയില്‍ അന്വേഷണം തുടങ്ങി

രാഹുലിന്റെ യാത്രയില്‍ പോക്കറ്റടിക്കാര്‍ കടന്നു കൂടി; പരാതിയില്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി. നേമത്തു നിന്നുള്ള യാത്രയിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം കടന്നു കയറിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

യാത്രയില്‍ പങ്കെടുത്ത രണ്ടുപേര്‍ തങ്ങളുടെ പോക്കറ്റടിച്ചെന്ന് പോലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യാത്രയില്‍ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായത്. സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിന് മുമ്പ് ഇവരെ പിടികൂടാൻ ആണ് ശ്രമം.
സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളില്‍ ഇവര്‍ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

രാഹുലിനെ കാണാനെത്തുന്നവരുടെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. തമിഴ്നാട്ടിൽ നിന്നാണ് സംഘം യാത്രയിൽ കടന്നുകൂടിയെതെന്നാണ് പോലീസ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.