കൊല്ലം: കരുനാഗപ്പള്ളിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യേറ്റം. അഭിഭാഷകനെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് കോടതി വരാന്തയിൽ വെച്ച് കയ്യേറ്റത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ പോലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു.
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാക്ഷ്യം. പോലീസ് അഭിഭാഷകനെ അതിക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം. കൊല്ലം ബാറിലെ അഭിഭാഷകനായ കരുനാഗപ്പള്ളി സ്വദേശി എസ് ജയകുമാറാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് ജയകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടെന്നാണ് പോലീസ് പറയുന്നത്. സെല്ലില്‍ കിടക്കുമ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ജയകുമാര്‍ സെല്ലില്‍ ആഞ്ഞുചവിട്ടുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
സംഭവത്തോട് പ്രതിഷേധിച്ച് അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനാണ് കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനം.