സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാതെ എയ്ഡഡ് കോളജുകള്‍ക്കു സ്ഥിര നിയമനം നടത്താനാവില്ല: ഹൈക്കോടതി

സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാതെ എയ്ഡഡ് കോളജുകള്‍ക്കു സ്ഥിര നിയമനം നടത്താനാവില്ല: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാതെ എയ്ഡഡ് കോളജുകള്‍ക്കു സ്ഥിര നിയമനം നടത്താനാവില്ലെന്ന ഉത്തരവുമായി ഹൈക്കോടതി. എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ സ്ഥിര നിയമനം നടത്താന്‍ സാധിക്കൂ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. അനുമതിയില്ലാത്ത തസ്തികയില്‍ നിയമനം നടത്തിയാല്‍ അംഗീകാരം നല്‍കാന്‍ സര്‍വകലാശാലയ്ക്കോ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോ ബാധ്യതയില്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

കൊച്ചിന്‍ കോളജിലെ പുതിയ രണ്ടു കോഴ്സുകളിലേക്കു അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിച്ചതു സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാര്‍, സി.എസ് സുധ എന്നിവരുടെ നിര്‍ണായകമായ ഉത്തരവ്.

അത്യാവശ്യത്തിന് ഗസ്റ്റ് ലക്ചറര്‍ നിയമനം അനുവദിക്കാറുണ്ടെന്നും സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാതെ സ്ഥിര നിയമനം പാടില്ലെന്നുമായിരുന്നു അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

സര്‍ക്കാരിനു ബാധ്യതയുണ്ടാക്കുന്ന കാര്യമാണെങ്കില്‍ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ള തീരുമാനം വേണ്ടിവരുമെന്നു കോടതി വ്യക്തമാക്കി.

കോളജ് 2018 ജനുവരിയില്‍ നിയമനം നടത്തി സര്‍വകലാശാലയുടെ അംഗീകാരം തേടിയിരുന്നു. എന്നാല്‍, ഇതുള്‍പ്പെടെ വിവിധ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് 2020 ഒക്ടോബര്‍ 30നാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ തീയതി മുതലേ അംഗീകാരം നല്‍കാനാകൂ എന്ന് സര്‍വകലാശാല അറിയിച്ചതിനെതിരെ അധ്യാപകര്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് അനുമതി ശുപാര്‍ശ പുനപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍വകലാശാലയോടു നിര്‍ദേശിച്ചത് ചോദ്യം ചെയ്താണു സര്‍ക്കാരിന്റെ അപ്പീല്‍.

എംജി സര്‍വകലാശാലാ നിയമത്തിലെ 59(1) വകുപ്പുപ്രകാരം സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന തസ്തികകളില്‍ അനുമതിയില്ലാതെ നിയമന അംഗീകാരം നല്‍കാനാവില്ലെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്.

പുതിയ കോഴ്സ് അനുവദിച്ച തീയതി മുതല്‍ തസ്തികയ്ക്ക് അംഗീകാരം നല്‍കണമെന്ന് അധ്യാപകര്‍ വാദിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.