ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും തുടരാം; ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും തുടരാം; ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് പദവിയില്‍ സൗരവ് ഗാംഗുലി, സെക്രട്ടറിയായി ജയ് ഷാ എന്നിവരുടെ കാലാവധി നീട്ടാന്‍ അനുവദിക്കുന്ന ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു.

നിര്‍ദിഷ്ട കാലയളവിനുശേഷം ഇരുവര്‍ക്കും സ്ഥാനങ്ങളില്‍ തുടരാം. ഇതോടെ 2025 വരെ ബി.സി.സി.ഐയുടെ തലപ്പത്ത് ഇരുവര്‍ക്കും തുടരാനാവും. ബി.സി.സി.ഐ തിരഞ്ഞെടുപ്പിലും മത്സരിക്കാം. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ പുറത്തിറങ്ങും

ബി.സി.സി.ഐ മുന്നോട്ട് വെച്ച മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ബി.സി.സി.ഐ ഭരണഘടനയിലെ 'കൂളിംഗ് ഓഫ് പിരീഡ്' ക്ലോസ് കാരണം ഗാംഗുലിയുടെയും ഷായുടെയും കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. മൂന്ന് വര്‍ഷമാണ് ഇരുവരും സംഘടനയുടെ തലപ്പത്തുണ്ടായിരുന്നത്. അതിന് മുന്‍പുള്ള ആറു വര്‍ഷം ഇരുവരും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്നു.

ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ ഭരണ നേതൃത്വത്തിലുണ്ടായിരുന്നു. പിന്നാലെ ഇരുവരും ബി.സി.സി.ഐയുടെ തലപ്പത്തുമെത്തി.

ഇക്കാരണത്താല്‍ വീണ്ടും സ്ഥാനങ്ങളില്‍ തുടരാന്‍ ബി.സി.സി.ഐയുടെ ഭരണഘടന അനുവദിക്കുമായിരുന്നില്ല. തുടര്‍ച്ചയായി ഭരണത്തിലിരുന്നാല്‍ അധികാരങ്ങളില്‍ നിന്ന് കുറച്ചു കാലം മാറി നില്‍ക്കണമെന്നതാണ് ബി.സി.സി.ഐയുടെ ഭരണഘടനയിലുള്ളത്. ഇതാണ് കൂളിങ് ഓഫ് പിരീഡ്.

ഇതേ തുടര്‍ന്നാണ് ബി.സി.സി.ഐ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി അധികൃതര്‍ സുപ്രീം കോടതിയിലെത്തിയത്. 12 വര്‍ഷം തുടര്‍ച്ചയായി ഒരു വ്യക്തി കൂളിങ് ഓഫ് പിരീഡ് എടുക്കാതെ ഭരണത്തലപ്പത്ത് തുടരുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ സുപ്രീം കോടതി ഉന്നയിച്ചിരുന്നു.

നേരത്തെ, ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബി.സി.സി.ഐയില്‍ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് സുപ്രധാനമായ വിധിയുണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.