പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ഏറ്റവുമൊടുവില്‍ കൂറുമാറിയ സാക്ഷി വീണ്ടും ഹാജരാകണമെന്ന് കോടതി. കേസിലെ 29-ാം സാക്ഷിയായ സുനില്‍ കുമാറിനോടാണ് ഇന്ന് ഹാജരാകാൻ കോടതി നിര്‍ദേശിച്ചത്.
കോടതിയിലെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുനില്‍ കുമാറിന്റെ കാഴ്ച ശക്തി പരിശോധിച്ചിരുന്നു. കാഴ്ച പരിമിതി ഇല്ലെന്ന് പ്രാഥമിക പരിശോധന ഫലം. ഈ പശ്ചാത്തലത്തിലാണ് സാക്ഷിയോട് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നേത്ര പരിശോധനാ ഫലം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
മധുവിനെ പ്രതികള്‍ കൊണ്ടു വരുന്ന വിഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വിഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍ കുമാറിനെയും കാണാം. എന്നാല്‍ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടര്‍ന്നാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
സുനില്‍ കുമാര്‍ കൂടി കൂറുമാറിയതോടെ മധു വധ കേസില്‍ കൂറുമാറിയവരുടെ എണ്ണം 15 ആയിരുന്നു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനില്‍ കുമാര്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയാണ് സുനില്‍ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.
ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.