കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി.
ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ അപ്പീല്‍ കൂടാതെ ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സര്‍ക്കാരിന്റെ അപ്പീലും ഹൈക്കോടതി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ ശരിവച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
2015 ജനുവരി 29ന് അറസ്റ്റിലായ നിഷാമിന് തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിന് പുറമേ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
ഗേറ്റ് തുറക്കാന്‍ വൈകിയതും, വാഹനം തടഞ്ഞ് ഐഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണ് കിടന്ന ഇയാളെ നിഷാം എഴുന്നേല്‍പ്പിച്ച് പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീം കോടതിയും വിസമ്മതിച്ചിരുന്നു.