കൊല്ലം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ചോദിച്ച പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാപാര സ്ഥാപനം ആക്രമിച്ച മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
കോണ്‍ഗ്രസ് വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൊല്ലം കുന്നിക്കോട് അനസിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന് ആവശ്യപ്പെട്ട തുക നല്‍കാത്തതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്.
രണ്ടായിരം രൂപ പിരിവായി ആവശ്യപ്പെട്ടുവെങ്കിലും 500 രൂപ നല്‍കാമെന്ന് കടയുടമ പറഞ്ഞതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് പച്ചക്കറി കടയില്‍ നിന്നും ഇവര്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
അക്രമ സംഭവത്തെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. അക്രമത്തില്‍ കടയുടമ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.