തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയതിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബന്ധമാണ്. ഇതില്‍പ്പരം അസംബന്ധം വേറൊരാള്‍ക്കും പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം. മുഖ്യമന്ത്രിയുടെ സ്റ്റാഫ്, ആ സ്റ്റാഫിന്റെ ഒരു ബന്ധു, ആ ബന്ധു എന്നു പറയുന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് അദ്ദേഹത്തിന്റേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ചിട്ട് അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് കാണുന്ന ഒരു ജോലിക്ക് അപേക്ഷിക്കാന്‍ സാധാരണ നിലയില്‍ അവകാശമുണ്ട്.
അതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണോ എന്നാരെങ്കിലും ചിന്തിക്കുമോ? നാടിനെക്കുറിച്ച് അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ചിന്തിക്കാന്‍ കഴിയുമോ? എന്തൊരു അസംബന്ധമാണ് അദ്ദേഹം എഴുന്നള്ളിക്കുന്നതെന്നും പിണറായി ചോദിച്ചു.
നിയമനത്തില്‍ പിശകുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. പിശക് ചെയ്തവര്‍ പിന്നീടുള്ള കാര്യങ്ങള്‍ അനുഭവിക്കട്ടെ. പക്ഷെ, മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് ജോലി സ്വീകരിക്കാന്‍ പറ്റില്ല എന്നു പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.