ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറിയുമായി തട്ടിപ്പു സംഘം മുങ്ങി; പൊലീസില്‍ പ്രതീക്ഷയര്‍പ്പിച്ച് അലവി

ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറിയുമായി തട്ടിപ്പു സംഘം മുങ്ങി; പൊലീസില്‍ പ്രതീക്ഷയര്‍പ്പിച്ച് അലവി

മഞ്ചേരി: കേരള ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചെന്ന കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. അലനല്ലൂര്‍ തിരുവിഴാംകുന്ന് പൂളമണ്ണ മുജീബ് (48), പുല്‍പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറു പേര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് കേസ്.

ഓഗസ്റ്റ് 19ലെ കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം. മഞ്ചേരിയില്‍ നിന്നു വാങ്ങിയ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കുന്നതിനു പകരം കൂടുതല്‍ തുക ലഭിക്കാന്‍ ഇടനിലക്കാരുമായി സമ്മാന ജേതാവ് ഇടപാടിനു ശ്രമിച്ചു. ടിക്കറ്റ് ബാങ്കില്‍ നല്‍കിയാല്‍ ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തത് അനുസരിച്ചായിരുന്നു ഇടപാട്.

ഇടനിലക്കാര്‍ പറയുന്നതനുസരിച്ച് ടിക്കറ്റുമായി കച്ചേരിപ്പടിയില്‍ എത്താന്‍ സമ്മാന ജേതാവിനോട് ആവശ്യപ്പെട്ടു. 15ന് രാത്രി ഇടപാട് ഉറപ്പിക്കാന്‍ ടിക്കറ്റുമായി എത്തുകയും ഈ സമയം കാറിലെത്തിയ സംഘം സമ്മാന ജേതാവിനെ തള്ളിമാറ്റി ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി അധികൃതരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.