മധുവധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; ജാമ്യം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ തള്ളി

മധുവധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; ജാമ്യം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ തള്ളി

അട്ടപ്പാടി: മധുവധക്കേസിൽ ഹൈക്കോടതിയിൽ പ്രതികൾക്ക് തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.

കേസിലെ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്ന സാഹചര്യത്തിലായിരുന്നു പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതികൾ നിരന്തരം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഡിജിറ്റൽ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പാലക്കാട്ടെ പ്രത്യേക കോടതി ഉത്തരവിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.