ഷൂട്ടിനിടെ അപകടം; ടൈറ്റാനിക് നായിക കേറ്റ് വിൻസ്‍ലെറ്റ് ആശുപത്രിയിൽ

ഷൂട്ടിനിടെ അപകടം; ടൈറ്റാനിക് നായിക കേറ്റ് വിൻസ്‍ലെറ്റ് ആശുപത്രിയിൽ

ലോസ് ഏഞ്ചൽസ്: ടൈറ്റാനിക് സിനിമയുടെ നായികയായ പ്രശസ്ത ഹോളിവുഡ് താരം കേറ്റ് വിൻസ്‍ലെറ്റിന് അപകടം. ക്രൊയേഷ്യയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ​താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരിത്ര സിനിമയായ 'ലീ'യുടെ ചിത്രീകരണത്തിനിടെ വഴുതി വീണാണ് അപകടം സംഭവിച്ചത്. 

പരിക്ക് ഗുരുതരമല്ല. ഈ ആഴ്ച തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ മാധ്യമങ്ങളെ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലെ വോ​ഗ് മാ​ഗസിനിന്റെ ഫോട്ടോ​ഗ്രാഫർ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. എലൻ കുറാസ് ആണ് ചിത്രത്തിന്റെ സംവിധാനം. മരിയോ കോട്ടില്ലാർഡ്, ജൂഡ് ലോ, ആൻഡ്രിയ റൈസ്ബറോ, ജോഷ് ഒകോണർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.

ടൈറ്റാനിക് സിനിമയിലൂടെ പ്രശസ്തയായ താരത്തിന്റെ 'അവതാർ 2' ആണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്ന സിനിമ. റോണൽ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. പണ്ടോറയിലെ വിശാലമായ സമുദ്രത്തിൽ വസിക്കുന്ന മെറ്റ്‌കൈന ഗോത്രത്തെ റോണൽ ആണ് നയിക്കുന്നതെന്നും ചിത്രത്തിൽ റോണൽ സുപ്രധാനമായ കഥാപാത്രമാണ് എന്നും കേറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രം ഡിസംബർ 16നാണ് റിലീസിനെത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.