പോപ്പുലർ ഫ്രണ്ട് ഹർത്താൽ: റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ

ന്യൂഡൽഹി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ. പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിൽ വ്യാപക അക്രമം ഉണ്ടായതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങൾ ഉണ്ടായെന്നും 45 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. 70 കെഎസ്ആര്‍ടിസി ബസുകൾ തകർ‌ത്തെന്നും സർ‌ക്കാർ കോടതിയെ അറിയിച്ചു.
വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

ഇതിന്റെ പശ്ചാതലത്തിലാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.