കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഗാനമേള നടക്കുന്നതിനിടെ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച അര്‍ദ്ധരാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് സംഭവം.
പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ചിലര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. സംഘാടകര്‍ ഇവരെ അവിടെനിന്ന് പുറത്താക്കി. തുടര്‍ന്ന് ഗാനമേള സമാപിച്ച ശേഷം പന്ത്രണ്ട് മണിയോടെ തിരികെ എത്തിയ ഇവര്‍ പുറത്താക്കിയവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കത്തിനിടെ പ്രതികളില്‍ ഒരാള്‍ രാജേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.