കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ല: കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ല: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവര്‍ സൃഷ്ടിച്ചതാണ് കേരളത്തിന്റെ മതേതര പാരമ്പര്യം. സി.എച്ച്. പ്രചരിപ്പിച്ച മതസൗഹാര്‍ദ്ദം ഇന്നും കേരളത്തില്‍ നിലകൊള്ളുന്നു. അരിയും മലരും കുന്തിരിക്കവും കരുതാന്‍ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ല. പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ വിലപ്പോവാതിരിക്കാന്‍ കാരണം സി.എച്ചി.ന്റെ ഉഗ്രമായ ശബ്ദമാണ്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ചേരിയെ തകര്‍ക്കാനാണ് ഫാസിസം ശ്രമിക്കുന്നത്. തീവ്രമുദ്രാവാക്യങ്ങളുമായി ഫാസിസത്തെ ശക്തിപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം. മതസംഘടനകള്‍ പഠിപ്പിക്കുന്ന ഇസ്ലാമില്‍ തീവ്രവാദമോ വര്‍ഗീയതയോ ഇല്ല. പിന്നെവിടുന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് ഈ ആശയങ്ങള്‍ ലഭിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് അവകാശമില്ല. വര്‍ഗീയത പറഞ്ഞ് കത്തിച്ചിട്ട് പ്രശ്‌നങ്ങളുണ്ടായ ശേഷം മുങ്ങുന്നതാണ് അവരുടെ രീതിയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.