ഗവര്‍ണര്‍-സവ്വകലാശാല അടി മുറുകുന്നു; പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം

ഗവര്‍ണര്‍-സവ്വകലാശാല അടി മുറുകുന്നു; പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറും കേരള സര്‍വ്വകലാശാലയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനവും ഇത് സംബന്ധിച്ചുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സര്‍വ്വകലാശാല നിലപാട് എന്ത് തന്നെ ആയാലും വസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഗവര്‍ണറുടെ തീരുമാനം.

സെനറ്റ് പ്രതിനിധി വൈകിയതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഒക്ടോബര്‍ 24 ന് വിസിയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുന്‍പ് നിര്‍ദേശിക്കണമെന്ന് കേരള സര്‍വ്വകലാശാല വിസിയെ ഗവര്‍ണര്‍ അറിയിച്ചു.

എന്നാല്‍ സെര്‍ച്ച് കമ്മിറ്റിക്കെതിരെ പ്രമേയം പാസാക്കിയ പശ്ചാത്തലത്തില്‍ വീണ്ടുമൊരു സെനറ്റ് യോഗം വിളിക്കുന്നതില്‍ പ്രസക്തിയില്ലെന്നായിരുന്നു വിസിയുടെ മറുപടി. ഈ നിലപാടിലെ അതൃപ്തി സൂചിപ്പിച്ചു കൊണ്ടാണ് എത്രയും വേഗം പ്രതിനിധിയെ കണ്ടെത്തണമെന്ന് ഗവര്‍ണര്‍ വീണ്ടും സര്‍വ്വകലാശാലക്ക് അന്ത്യശാസനം നല്‍കിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരുന്നത്. ഗവര്‍ണറുടെ നിലപാടിന്‍ മേല്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്യും. നിയമോപദേശം തേടുന്നതിനെ കുറിച്ചും ആലോചിക്കും.

അതേസമയം സര്‍വ്വകലാശാലയുടെ എതിര്‍പ്പുകള്‍ക്കിടയിലും വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജ്ഭവന്‍. ആദ്യപടിയായി അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം കാലാവധി അവസാനിക്കുന്ന സെര്‍ച്ച് കമ്മറ്റി ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി ഗവര്‍ണര്‍ക്ക് നീട്ടാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.