ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക്; സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക്; സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. കേസില്‍ ഒരു രീതിയിലും ഇടപെടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞു പോയതാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ശ്രീനാഥ് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമ പ്രവര്‍ത്തകയോട് നടന്‍ ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

എന്നാല്‍ സിനിമയില്‍ മാതൃക കാട്ടേണ്ടവരില്‍ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാല്‍ ശ്രീനാഥിനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു. നിലവില്‍ ചില സിനിമകളുടെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങും പൂര്‍ത്തിയാവാനുണ്ട്. ഇതെല്ലാം പൂര്‍ത്തിയായ ശേഷം കുറച്ചു നാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.

എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും. തെറ്റ് തിരുത്തി നേരെയാവുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സംഘടന അറിയിച്ചു.
അതേസമയം അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. നടന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു.

അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പൊലീസിന് തോന്നിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നടന്റെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധനയ്ക്കയച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.