'പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ ഉണ്ടാകരുത്': മുഖ്യമന്ത്രിയുടെ ഉപദേശം

'പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അനാവശ്യ തിടുക്കം വേണ്ട, വേട്ടയാടല്‍ ഉണ്ടാകരുത്': മുഖ്യമന്ത്രിയുടെ ഉപദേശം

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാനുള്ള നടപടികളില്‍ അനാവശ്യ തിടുക്കവും വേട്ടയാടലും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. ജില്ലാ കളക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നടപടികള്‍ നിയമ പ്രകാരം മാത്രമേ ആകാവൂയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു, പി.എഫ്.ഐ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതിനെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവും വിമര്‍ശിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.